12 വര്‍ഷം നീണ്ട നിയ പോരാട്ടങ്ങള്‍ക്കൊടുവില്‍, 2018 സെപ്റ്റംബർ 28നാണു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള 65 ഹര്‍ജികളിലാണു സുപ്രീം കോടതി ഇന്നു തീരുമാനമെടുക്കുന്നത്.

1951 മേയ് 18: 10നും 55നും വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പ്

1952 നവംബര്‍ 24: ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികളുടെ വിളംബരം

1965: കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരം ശബരിമലയില്‍ 10നും 55നും വയസിനിടയിലുള്ള സ്ത്രീകളുടെ പ്രവേശനത്തിനു നിരോധനം

Read Also: ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

1981 നവംബര്‍ 22: ശബരിമലയിലേക്കു 10നും 55നും വയസിനിടയിലുള്ള സ്ത്രീകള്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന

1990: ശബരിമലയിലെ സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് എം മഹേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

1991 ഏപ്രില്‍ 5: 10നു 50നും ഇടയിലുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ഹൈക്കോടതി ശരിവച്ചു

2006 ഓഗസ്റ്റ് 4: സ്ത്രീപ്രവേശന വിലക്ക് ചോദ്യംചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിലുള്ള ദേവസ്വം ബോര്‍ഡിന്റെ എതിര്‍പ്പ് കോടതി തള്ളി

2007 ജുലൈ 11: ഹര്‍ജി ജസ്റ്റിസുമാരായ എസ്ബി സിന്‍ഹ, എച്ച്എസ് ബേദി എന്നിവരടങ്ങിയ ബഞ്ചിലെത്തി. കേസില്‍ കക്ഷിചേരാന്‍ എന്‍എസ്എസിന് അനുമതി.

2007 നവംബര്‍ 16: സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍എസ്എസ്. കോടതി അംഗീകരിച്ചു

Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?

2008 മാര്‍ച്ച് 3: യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആവശ്യം കോടതി അംഗീകരിച്ചു

2016 ഫെബ്രുവരി 6: സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്നു വ്യക്തമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്ങ്മൂലം നല്‍കി

2016 ഏപ്രില്‍ 11: സ്ത്രീപ്രവേശനം വിലക്കുന്നതു ലിംഗസമത്വത്തെ അപകടത്തിലാക്കുമെന്നു കോടതി

2016 ഏപ്രില്‍ 13: പാരമ്പര്യത്തിന്റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കുന്നതു ന്യായീകരിക്കാനാവില്ലെന്നു കോടതി

2016 ഏപ്രില്‍ 21: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ഹിന്ദു നവോത്ഥാന പ്രതിഷ്ഠാനത്തിന്റെയും നാരായണശര്‍മ തപോവനത്തിന്റെയും ഹര്‍ജി

2016 ഏപ്രില്‍ 22: സ്ത്രീപ്രവേശന നിഷേധം അവരുടെ അന്തസിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2016 ജൂലൈ 8: കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പുന:സംഘടിപ്പിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിനെയും ഗോപാലഗൗഡയെയും മാറ്റി. പകരം ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയെയും സി. നാഗപ്പനെയും ഉള്‍പ്പെടുത്തി.

2016 നവംബര്‍ 8: സ്ത്രീപ്രവേശനം അനുവദിക്കാമെന്നു വ്യക്തമാക്കി പിണറായി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കി

2017 ഫെബ്രുവരി 20: സുപ്രീം കോടതി ബഞ്ച് വീണ്ടും പുനസംഘടിച്ചു. ജസ്റ്റിസ് നാഗപ്പനു പകരം ജസ്റ്റിസ് അശോക് ഭൂഷണെ ബഞ്ചില്‍ ഉള്‍പ്പെടുത്തി.

2017 ഒക്ടോബര്‍ 13: ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ടുകൊണ്ട് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്

2018 ജൂലൈ 17: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു

2018 ജൂലൈ 19: സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാൻ മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നു കോടതി

2018 സെപ്റ്റംബര്‍ 28: സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ചരിത്ര വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

2018 ഒക്ടോബര്‍ 8: ഭരണഘടനാ ബഞ്ച് വിധിക്കെതിരേ എന്‍എസ്എസിന്റെയും ദേശീയ അയ്യപ്പഭക്ത സമിതിയുടെയും റിവ്യൂ ഹര്‍ജി

2018 നവംബര്‍ 13: റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍

വിധിക്കുപിന്നാലെ ശബരിമല പ്രവേശനത്തിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ നാളുകള്‍. 9000 ക്രിമിനല്‍ കേസുകളിലായി 27000 പേര്‍ അറസ്റ്റില്‍.

2019 ജനവരി 2: പ്രതിഷേധത്തിനിടെ ബിന്ദു അമ്മിണി, കനഗ ദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു.

2019 ഫെബ്രുവരി 9: റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള 65 പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി

2019 നവംബര്‍ 14: 2018 സെപ്റ്റംബര്‍ 28ലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി അംഗീകരിച്ച് ഹര്‍ജികള്‍ തള്ളണോ അതോ വിശാല ബഞ്ചിന്റെ പുനഃപരിശോധനയ്ക്ക് വിടണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.