ന്യൂഡൽഹി: ശബരിമല വിഷയത്തിൽ വിശാലബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. വിശാല ബഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന വ്യക്തമാക്കിയ കോടതി ഇതുസംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ പരിഗണിച്ചുവെന്നും കോടതി അറിയിച്ചു. രണ്ട് ഭാഗമായിട്ടായിരിക്കും കേസ് പരിഗണിക്കുക. ഫെബ്രുവരി 17 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 25–ാം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള ധാർമികതയുടെ അർഥം എന്താണ്? പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നൽകുന്നത് ശരിയോ? എന്നീ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Also Read: കൂടത്തായി: അന്നമ്മ കൊലപാതക കേസിൽ ജോളിക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ശബരിമല കേസ് വിശാല ബഞ്ചിനു വിടുന്നതിനെ കേന്ദ്ര സർക്കാർ അനുകൂലിച്ചപ്പോൾ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. വിശാല ബഞ്ചിനു മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുമായി ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളല്ല വിവിധ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാലബഞ്ചിന് വിട്ടതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെയാണ് ശബരിമല കേസ് വിശാല ബഞ്ചിനു വിടണോ എന്ന ആശയക്കുഴപ്പത്തിൽ സുപ്രീം കോടതി എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.