ന്യൂഡൽഹി: സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മക്ക പള്ളിയിൽ സ്ത്രീ പ്രവേശനം നൽകന്നുണ്ട്. ഹജ്ജിന് സ്ത്രീകൾ പോകുന്നുണ്ട്. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി യുദ്ധം ചെയ്ത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ‘ശബരിമല വിധി സംബന്ധിച്ച് പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വർഗീയവാദികളുടെ കൈയിൽ അകപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകൾ എടുക്കേണ്ട സമീപനമല്ല കേരളത്തിലെ ഒരു വിഭാഗം വരുന്ന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കോടതി വിധിയുടെ മറവിൽ കേരളത്തിൽ ഒരു കലാപം ഉണ്ടാക്കാൻ അനുവദിക്കില്ല. വിശ്വാസികളെ സർക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ ചെറുക്കും. കോടതി വിധി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.