കൊച്ചി: ശബരിമലയിൽ 50 ൽ താഴെ പ്രായമുളള സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാറിന്റെ ശ്രമം. കോഴിക്കോട് മിഠായിത്തെരുവിന് സമീപത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഘം സംസ്ഥാനത്തുടനീളം കടകൾക്കും വ്യക്തികൾക്കും നേരെ ആക്രമണം നടത്തുകയാണ്.
ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ അനുകൂലിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. മിഠായിത്തെരുവിലെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്നും അവർ വിശദീകരിച്ചു. കാലിക്കറ്റ് മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സമിതിയും കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്.
Read More: നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരളത്തിലെ വ്യാപാരി സമൂഹം
ഇതിന് പിന്നാലെയാണ് അക്രമം തുടങ്ങിയത്. ഇന്ന് വൈകുന്നേരം കോഴിക്കോട് നഗരത്തിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീകളടക്കം നിരവധി പേർക്ക് മർദ്ദനമേറ്റു. 200 ഓളം വരുന്ന ബിജെപി പ്രവർത്തകരാണ് മാർച്ച് നടത്തിയത്. മിഠായിത്തെരുവിന് സമീപം വില്ലുവണ്ടി പ്രവർത്തകർ, ശബരിമലയിൽ കയറിയ സ്ത്രീകൾക്ക് അഭിവാദ്യം പ്രകടിപ്പിച്ച് നടത്തിയ പരിപാടിക്കിടയിലേക്ക് ഇവരെത്തി. പിന്നാലെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. വില്ലുവണ്ടി പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം മർദ്ദനത്തിനിരയായി. ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
Read More: ഹർത്താൽ: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
വൈകിട്ട് കമ്മിഷണർ ഓഫീസിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ ടയറിട്ട് കത്തിച്ചിരുന്നു. മറ്റൊരു സംഘം പ്രതിഷേധക്കാർ കോഴിക്കോട് കൈരളി തിയേറ്ററിലേക്ക് നടത്തിയ കല്ലേറിൽ രണ്ട് കുട്ടികളുമായി വന്ന യുവതിക്ക് പരിക്കേറ്റു. കുട്ടികൾക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ഇവരുടെ പക്കലുണ്ടായിരുന്ന കാമറകൾക്ക് നേരെയായിരുന്നു ആക്രമണം.
സംസ്ഥാനത്തുടനീളം നിർബന്ധിച്ച് കടകൾ അടപ്പിക്കാനുളള ശ്രമമാണ് ഇന്ന് നടന്നത്. കരുനാഗപ്പളളിയിൽ കടകൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സർക്കിൾ ഇൻസ്പെക്ടറെ അക്രമിസംഘം തലയ്ക്ക് കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. ആറ് തുന്നിക്കെട്ടുകൾ ഇദ്ദേഹത്തിന്റെ തലയിലേറ്റ മുറിവിൽ വേണ്ടിവന്നതായാണ് വിവരം.
Read More: ശബരിമല പ്രതിഷേധം; സംസ്ഥാനം അക്രമാസക്തമായിട്ട് ആറ് മണിക്കൂർ പിന്നിട്ടു
കൊച്ചിയിൽ ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമായതിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ ഹൈക്കോർട്ടിന് സമീപത്തെ വഞ്ചി സ്ക്വയറിൽ ഒത്തുചേർന്നവർക്കെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായെത്തി.
പാലക്കാട് രണ്ടിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. വ്യാപാരികൾ നാളെ കടകൾ തുറന്നാൽ അടപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നിർബന്ധിതമായി കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. കല്ലേറും അക്രമവും ഭയന്ന് എറണാകുളത്തടക്കം കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് സംരക്ഷണയിൽ മാത്രമേ ഇനി സർവ്വീസ് പുനരാരംഭിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.