പത്തനംതിട്ട: പന്തളത്ത് സംഘര്‍ഷത്തിനിടെ ശബരിമല കര്‍മ്മസമിതിയുടെ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ ഗുരുതര പരുക്കേറ്റിരുന്ന കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ പരുക്കേറ്റ ഇദ്ദേഹം രാത്രിയോടെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുകളില്‍ നിന്നുമാണ് കല്ലേറുണ്ടായതെന്നും ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നും കര്‍മ്മസമിതി ആരോപിക്കുന്നു. ബേക്കറി തൊഴിലാളിയായ ഉണ്ണിത്താന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിജെപി- സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ