തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിനിടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ ബസുകൾ തകർക്കപ്പെട്ടു. ഇതിന് പിന്നാലെ തകർന്ന ബസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരത്ത് ബസ് റാലി നടത്തി.

ബസുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി തകർന്ന ബസുകളുമായി റാലി നടത്തിയത്. കിഴക്കേ കോട്ടയിൽ കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കായിരുന്നു മാർച്ച്.

ചീഫ് ഓഫീസിന് മുന്നിൽ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് ബസുകൾ ഓടിച്ചത്. ഹർത്താലുകളും പ്രതിഷേധങ്ങളും നടക്കുമ്പോൾ കെഎസ്ആർടിസിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസുകൾ തകർക്കുന്നത് കൊണ്ട് ആർക്കും നേട്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയുടെ നഷ്ടം കെഎസ്ആർടിസി തന്നെയാണ് വഹിക്കുന്നത്. സർക്കാരിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്ആർടിസിയെ ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിലുണ്ടാകുന്ന അക്രമങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടം 10 കോടിരൂപയാണ്. ഇതിന്റെ മൂന്നിലൊന്നും ഇന്നലെയും ഇന്നുമായുണ്ടായി. നൂറ് ബസുകൾ ആക്രമണത്തിന് ഇരയായപ്പോൾ  3.35 കോടി രൂപയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ