കൊല്ലം: ശബരിമലയില്‍ ചൊവ്വാഴ്ച സന്ദർശനം നടത്തിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കൊല്ലം സ്വദേശിനി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിനിയായ മഞ്ജുവിന്റെ വീടിന് ചാത്തന്നൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സുരക്ഷയൊരുക്കുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് മഞ്ജു ശബരിമല സന്ദർശിച്ചത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയിലൂടെ ശബരിമലയിലെത്തിയെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. കാഴ്ചയിൽ വൃദ്ധയെന്ന് തോന്നിപ്പിക്കും വിധം മുടിയിൽ മാറ്റങ്ങൾ വരുത്തിയാണ് മഞ്ജു ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് ആരോപണം.

അതേസമയം ആരുടെയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ലെന്ന് മഞ്ജു പറഞ്ഞു. പൊലീസിന്റെ പിന്തുണ ലഭിച്ചില്ലെന്ന് പറഞ്ഞ മഞ്ജു ഇനിയും മല ചവിട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ സഹായം ലഭിച്ചുവെന്ന മഞ്ജുവിന്റെ പ്രസ്താവന സംഘടനയെ അപകീർത്തിപ്പെടുത്താനുളള നീക്കമാണെന്ന് അഖില ഭാരത അയ്യപ്പ സേവാ സമിതി പറഞ്ഞു.

മുൻപും മഞ്ജു മല കയറാൻ എത്തിയിരുന്നു. എന്നാൽ ആചാര സംരക്ഷകർ ശബരിമല സന്നിധാനത്ത് നിലയുറപ്പിച്ച ഘട്ടമായിരുന്നു ഇത്. കുഴപ്പമുണ്ടാകുമെന്നും മടങ്ങിപ്പോകണം എന്നും പൊലീസ് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇവർ തിരികെ പോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.