ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് നാളെ രാവിലെ 10.30 ന് സുപ്രീം കോടതി വിധി പറയുക.

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് ശബരിമലയിൽ പ്രായഭേദമന്യേ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തിനുശേഷമായിരുന്നു വിധി.

Read More: മനിതി സംഘം വീണ്ടും ശബരിമലയിലേക്ക്; മണ്ഡലകാലത്ത് മല ചവിട്ടുമെന്ന് സെൽവി

സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തില പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയത്.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അതിനെതിരെ വൻ പ്രതിഷേധ സമരങ്ങൾ സംസ്ഥാനത്ത് നടന്നിരുന്നു. റഫാൽ കേസിലെ വിധിയും നാളെ ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.