തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായ രീതിയിൽ അക്രമ സംഭവങ്ങൾ. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനങ്ങൾ തടയുകയും നിർബന്ധപൂർവ്വം കടകൾ അടപ്പിക്കുകയും ചെയ്തു. ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരുക്കേറ്റത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബസുകൾ തല്ലിത്തകര്‍ക്കുകയും ചെയ്തു. കോഴിക്കോട് വിവിധ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമണം അഴിച്ചു വിട്ടത്.

സംസ്ഥാനത്ത് ആകെ 79 കെഎസ്ആർടിസി ബസുകളാണ് ഇതുവരെ തകർക്കപ്പെട്ടത്. കർണാടകയില്‍ നിന്നുള്ള ബസുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഇതോടെ കർണാടകയില്‍ നിന്നുമുള്ള ബസ് സർവ്വീസ് നിർത്തിവച്ചു.

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ കടകൾ തുറന്നെങ്കിലും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിൽ വാഹനങ്ങൾ തകർന്നു. നിരവധി കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ശബരിമല കർമ്മ സമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. തൃശ്ശൂർ വാടാനപ്പള്ളിയിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ബിജെപി-എസ്ഡിപിഐ സംഘർഷത്തിനിടെയാണ് സംഭവം. ബിജെപി പ്രവർത്തകരായ, ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്.

ഹർത്താലിനിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമണം ഉണ്ടായി. മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്കരിച്ചു. കോട്ടയത്ത് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വാർത്താ സമ്മേളനത്തിനായി പ്രസ് ക്ലബ് വിട്ടുനൽകിയില്ല. കോഴിക്കോട് കെ.സുരേന്ദ്രന്റെ വാർത്താസമ്മേളനവും മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ