കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ, കൊച്ചി വിമാനത്താവളത്തിലൂടെയല്ല കേരളത്തിലെ ഏത് നടവഴിയിലൂടെ പോയാലും ഭക്തര്‍ തടയുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കൊച്ചി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന പുണ്യഭൂമിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കില്ല. വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കോടതി, പൊലീസ്, വെടിയുണ്ട എന്നിവയെ നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്. എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോലും ഭക്തര്‍ പ്രതിഷേധം നടത്തും. തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിണറായി വിജയന്‍ തന്റെ പിടിവാശി ഉപേക്ഷിക്കണ’മെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, എന്തുവന്നാലും ദര്‍ശനം നടത്തിയിട്ടേ പോകൂവെന്ന നിലപാടിലാണ് തൃപ്തി ദേശായി. തൃപ്തിയടക്കം ആറ് യുവതികള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധം മൂലം പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മണിക്കൂറായി ഇവര്‍ ആഭ്യന്തര ടെര്‍മിനലില്‍ ഇരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്തിയോടു സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.ഗോപിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്പില്‍ തമ്പടിച്ചിരിക്കുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook