തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി. വിഷയത്തിൽ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സുരേന്ദ്രൻ അറിയിച്ചു. വിഷയത്തിൽ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണായക യോഗം അല്‍പസമയത്തിനകം ചേരും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇതുവരെ വ്യക്തമായൊരു നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും. ആദ്യം പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ നിലപാട് മാറ്റി.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോളുണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പിന്നീട് അറിയിച്ചിരുന്നു. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ശബരിമല വിധിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കുന്നതാണ് ഉചിതമെന്നാണ് ബോര്‍ഡിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ