പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുക‍ൾ ഇന്ന് ഉപരോധിക്കും. രാവിലെ 11 മുതല്‍ ഒരു മണിക്കൂറാണ് ഉപരോധം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടത്തും. ശബരിമലയിൽ യുവതികൾ കയറുന്നതിന് കാട്ടുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുക. ആചാരങ്ങളെ തകർക്കുന്ന നടപടികളിൽനിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കാനാണ് നീക്കം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും. താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടത്താനാണു കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയും ഇന്നാണ് തുടങ്ങുക. പന്തളത്ത് നിന്ന് രാവിലെ 11ന് യാത്ര ആരംഭിക്കും. എന്‍ഡിഎ നേതാക്കള്‍ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം യാത്രയാരംഭിക്കും.

പന്തളത്ത് നിന്ന് തുടങ്ങുന്ന യാത്രയ്ക്ക് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയും, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേതൃത്വം നല്‍കും. യാത്ര ഇന്ന് അടൂരില്‍ സമാപിക്കും. 11ന് ആലപ്പുഴ നൂറനാടില്‍ നിന്നും തുടങ്ങുന്ന യാത്ര കായംകുളം ടൗണില്‍ അവസാനിക്കും. 12ന് കൊല്ലം ജില്ലയിലെ ചവറയില്‍ തുടങ്ങി കൊല്ലം ടൗണിലും, 13ന് കൊല്ലത്ത് നിന്ന് കൊട്ടിയത്തും, 14ന് ആറ്റിങ്ങലില്‍ നിന്നും ആരംഭിച്ച് കഴക്കൂട്ടത്തും അവസാനിക്കും. 15ന് രാവിലെ പട്ടത്ത് നിന്നും അരലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ