കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനെ ചോദ്യം ചെയ്തത്. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും വിശ്വാസികളാണോയെന്ന് കോടതി ചോദിച്ചു.

പൊലീസിനും സർക്കാരിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിൽ ചിലരുടെ അജൻഡ മനസിലാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അക്കാര്യം പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. യുവതീ പ്രവേശനം സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ദിവസം ബിന്ദുവും കനകദുർഗയും പൊലീസ് സംരക്ഷണയിൽ ദർശനം നടത്തിയതിനെ സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും വിശ്വാസികളാണോയെന്നും കോടതി ചോദിച്ചു. അതെ എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി.

ഇവർ യഥാർഥത്തിൽ വിശ്വാസികളാണോ. അതോ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നതാണോ. ശബരിമലയിൽ സർക്കാരിന് പ്രത്യേക അജൻഡയുണ്ടോ എന്നും കോടതി ചോദിച്ചു. സർക്കാരിന് പ്രത്യേക അജൻഡയുണ്ടെന്ന് പറയുന്നില്ല. എന്നാൽ ശബരിമലയിൽ ചിലരുടെ അജൻഡകൾ തിരിച്ചറിയാൻ സർക്കാരിന് കഴിയുന്നില്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

നിലയ്ക്കലിൽ നിന്നും പന്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടരുതെന്ന് ഉത്തരവുള്ളപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘത്തിന്‍റെ വാഹനം ആരാണ് പന്പയിലേക്ക് കടത്തിവിട്ടത്. ഈ നടപടി കോടതി അലക്ഷ്യമാണെന്നും ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.