തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സ്ത്രീകൾക്കായി പ്രത്യേക ടോയിലറ്റുകളും വിരിവെയ്ക്കാൻ സൗകര്യങ്ങളും സൃഷ്ടിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.

ശബരിമലയിൽ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതാധികാര സമതി യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
നിലയ്ക്കലാണ് ബേസ് ക്യാംപ് ആക്കുന്നത്. നിലയ്ക്കലിൽ ആദ്യഘട്ടത്തിൽ​ ആറായിരം പേർക്ക് വിരിവെയ്ക്കുന്നതിനുളള സൗകര്യം ഒരുക്കുന്നതിനാണ് തീരുമാനിച്ചിരുന്നത് ഇത് പതിനായിരം ആക്കി വർധിപ്പിക്കാൻ തീരുമാനിച്ചു. സ്ത്രീകൾക്ക് പ്രത്യേകം വിരിവെയ്ക്കുന്നതിനുളള സൗകര്യം നിലയ്ക്കലും, എരുമേലിയിലും ഉണ്ടാകും. ഇതിന് പുറമെ പമ്പയിലും സ്ത്രീകൾക്കാവശ്യമുളള കാര്യങ്ങൾ ചെയ്യും.

സ്ത്രീകൾക്ക് പ്രത്യേക ടോയിലറ്റ് സൗകര്യം ഉണ്ടാക്കും. സ്ത്രീ ടോയിലറ്റുകൾക്ക് തിരിച്ചറിയുന്നതിന് പ്രത്യേക നിറം നൽകും. പമ്പ,സന്നിധാനം എന്നിവിടങ്ങളിലും സ്ത്രീസൗഹൃദ ടോയിലെറ്റുകൾ ഏർപ്പെടുത്തും. പമ്പയിൽ നിലവിൽ തന്നെ സ്ത്രീകൾക്കായി പ്രത്യേക കടവ് ഉണ്ട്. പുതിയ സാഹചര്യത്തിൽ അത് വിപുലമാക്കും. വെളിച്ചത്തിന്റെ കുറവ് ഉണ്ടാകുമെങ്കിൽ അത് പരിഹരിക്കും.

വിശുദ്ധി സേനാംഗങ്ങളുടെ കൂട്ടത്തിൽ ഇത്തവണ മുതൽ സ്ത്രികളെയും ഉൾപ്പെടുത്തും. വനിതാ പൊലീസിനെയും അധികമായി ഉപയോഗിക്കും. സമീപ സംസ്ഥാനങ്ങളിൽ നിന്നും ആവശ്യമെങ്കിൽ വനിതാ പൊലീസിനെ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വനിതാ പൊലീസിനെ എടുക്കുന്ന കാര്യം ആലോചിക്കുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ​ ക്രമീകരണങ്ങൾ ചെയ്യും

തിരക്ക് ഒഴിവാക്കുന്നതിന് ഡിജിറ്റൽ​ബുക്കിങ് സംവിധാനം ഏർപ്പെടുത്താൻ ആലോചിച്ചിട്ടുണ്ട്. മറ്റ് പല ക്ഷേത്രങ്ങളിലും ഈ ​സംവിധാനമുണ്ട് ശബരിമലയിൽ ഈ സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നു.

നിലയ്ക്കൽ നിന്നും പമ്പയിലേയ്ക്കുളള ബസ്സിൽ 25 ശതമാനം സീറ്റുകൾ സ്ത്രികൾക്കായി സംവരണം ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ പുരുഷന്മാർക്ക് ​ ഈ​ സീറ്റുകളിൽ ഇരിക്കാം.കുടിവെളള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കൽ മാത്രമല്ല വണ്ടിപെരിയാർ എരുമേലി എന്നിവിടങ്ങളിലും കുടിവെളള സൗകര്യം ഏർപ്പെടുത്തും.

സന്നിധാനത്തിൽ ആളുകൾ താമസിക്കുന്നത് തിരക്ക് ഉണ്ടാക്കുന്നുണ്ട് അതിനാൽ തിരക്ക് ഒഴിവാക്കാൻ ആ താമസം ഒഴിവാക്കണമെന്ന്  മന്ത്രി പറഞ്ഞു.

തുലാമാസത്തിൽ ആദ്യത്തെ അഞ്ച് ദിവസം സ്ത്രീകൾക്ക് വരാം. അങ്ങനെ വരുന്നവർക്കുളള സൗകര്യം ഉണ്ടാകും.പ്രത്യേക ക്യൂ വേണ്ട നിലവിലും ഒറ്റക്യൂ ആണ് ഉളളത്.  പതിനെട്ടാം പടിയിൽ സ്ത്രീ പൊലീസിനെ നിർത്തണോ എന്നത് ആലോചിക്കും. ആവശ്യം വേണ്ടി വന്നാൽ സ്ത്രീ പൊലീസിനെ കൂടെ നിർത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ