തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശനം വേണ്ടെന്ന മുന്‍ നിലപാടിലേക്ക് ബോര്‍ഡ് നീങ്ങാനാണ് സാധ്യത. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന നിലപാടാണ് നേരത്തെ ബോര്‍ഡ് സ്വീകരിച്ചത്. ഇപ്പോൾ പഴയ നിലപാട് മാറ്റുന്ന സമീപനമാണ് ദേവസ്വം ബോർഡിന്.

എല്ലാവശങ്ങളും പരിശോധിച്ച് പുതിയ സത്യവാങ്‌മൂലം നൽകുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. നാളെ അടിയന്തര ബോർഡ് യോഗം ചേരുമെന്ന് എൻ.വാസു അറിയിച്ചു. ആചാര അനുഷ്‌ഠാനങ്ങൾക്കും വിശ്വാസികളുടെ വികാരങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും പുതിയ നിലപാട് സ്വീകരിക്കുകയെന്നും എൻ.വാസു വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീപ്രവേശ കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. യുവതീ പ്രവേശം വേണ്ടെന്ന പഴയ നിലപാടിലെക്ക് തിരിച്ചുപോകാന്‍ ബോര്‍ഡ് ആലോചിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ബോര്‍ഡ് നിലപാടില്‍ ഇടപെടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read Also: പത്ത് വര്‍ഷത്തിനകം തൊഴിലില്ലായ്‌മ പൂര്‍ണമായി ഇല്ലാതാക്കും: മുഖ്യമന്ത്രി

ശബരിമലയിലെ യുവതീപ്രവേശന കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതി ഒൻപതംഗ ഭരണഘടനാ ബഞ്ചിന് രൂപം നൽകിയിട്ടുണ്ട്.  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ജനുവരി 13നാണു പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.

നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.  കക്ഷികളോട് നാലു സെറ്റ് രേഖകൾ കൂടി ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകൾ കൈമാറാനായിരുന്നു നോട്ടീസിലെ നിർദേശം.

നവംബർ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീം കോടതി തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.