തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് ചേരും. വനിതാ ജീവനക്കാരേയും വനിതാ പൊലീസുകാരേയും വിന്യസിക്കുന്നതില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലറില്‍ ദേവസ്വം പ്രസിഡന്റിന് അതൃപ്തിയുണ്ട്. അതേസമയം കോടതി വിധിക്കെതിരെ എന്‍ഡിഎയുടെ ലോങ് മാര്‍ച്ച് ഇന്ന് നടക്കും.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോണ്‍ഗ്രസ് നേരിട്ടു സമരത്തിനില്ലെന്നും വിശ്വാസികളുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും സജീവമായി പങ്കെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികൾക്കൊപ്പമാണ് എക്കാലവും കോണ്‍ഗ്രസ്. ശബരിമല സമരത്തിൽനിന്നു പാർട്ടി പിൻവാങ്ങിയിട്ടില്ല. എന്നാൽ, ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിനു ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള ശ്രമമാണു സിപിഎമ്മും ബിജെപിയും നടത്തുന്നത്. ശബരിമലയെ യുദ്ധസമാനമായ ചുറ്റുപാടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നതു ശരിയല്ല. സർക്കാർ നിലപാട് സാമുദായിക ചേരിതിരിവിനു മാത്രമേ ഉപകരിക്കൂ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകണം. റിവ്യൂ ഹർജി നൽകാനൊരുങ്ങിയ ബോർഡിനെ ഭീഷണിപ്പെടുത്തി പിൻമാറ്റുകയായിരുന്നു എന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വിശ്വാസികളുടെ വിവേകം മാനിക്കാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയൻ. ഏകാധിപതിയായുള്ള സമവായത്തിനാണു മുഖ്യമന്ത്രി ശ്രമിച്ചത്,’ രാമചന്ദ്രന് വ്യക്തമാക്കി.