സന്നിധാനം : ശബരിമലയില്‍ വീണ്ടും യുവതീ പ്രവേശനം നടന്നതായി  സംശയം. താൻ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയതായി ദളിത് മഹിളാ ഫെഡറേഷൻ നേതാവും കൊല്ലം സ്വദേശിനിയുമായ മഞ്ജു വെളിപ്പെടുത്തി.

ഇവർ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്ബുക് കൂട്ടായ്മ പുറത്തുവിട്ടു. ചൊവ്വാഴ്ചയാണ് മഞ്ജു സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി വഴി സന്നിധാനത്തെത്തിയെന്നാണ് വെളിപ്പെടുത്തൽ.

മുൻപും മഞ്ജു ശബരിമല ക്ഷേത്രത്തിൽ ദർശനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഇവരുടെ യാത്ര പ്രതിഷേധക്കാർ അറിഞ്ഞിരുന്നു. ഇതേ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. ഇതോടെയാണ് മഞ്ജു പിന്തിരിഞ്ഞത്.

പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു രണ്ടാം വരവ്. താൻ അയ്യപ്പ ഭക്തയാണെന്നും ജീവിതാവസാനം വരെ സാധിക്കുമ്പോഴൊക്കെ അയ്യപ്പനെ കാണണമെന്ന് അവർ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook