തിരുവനന്തപുരം: ജാതി പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം,’ എന്ന അടിക്കുറിപ്പോടെ ബിജെപി മുഖപത്രം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്ന കാര്‍ട്ടൂണ്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘പണ്ട് ചാതുര്‍വര്‍ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛന്‍ ചെത്തുതൊഴിലാളി ആയിരുന്നു. ചേട്ടന്‍മാര്‍ ചെത്തു തൊഴിലാളികള്‍ ആയിരുന്നു. അതുകൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ. അത് ഈ പറയുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്,’ മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: Kerala Hartal Live: കാസർഗോഡ് സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചു, ഗുരുതര പരുക്ക്

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പിന്നീട് ജന്മഭൂമി രംഗത്തെത്തിയിരുന്നു. കാര്‍ട്ടൂണിസ്റ്റിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തതായി പത്രം അറിയിച്ചു. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫെയ്സ്ബുക്ക് വഴി ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോള്‍ തന്നെ ജന്മഭൂമി വിശദീകരണ പോസ്റ്റ് പിന്‍വലിച്ചു.

Read More: കോടതി വിധി അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തന്ത്രി രാജിവയ്ക്കട്ടെ: മുഖ്യമന്ത്രി

ജന്മഭൂമിയില്‍ ‘ദൃക്‌സാക്ഷി’ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും വിവാദമായ വാക്കുകള്‍ പ്രാദേശികമായ പറച്ചിലും ശൈലിയാണെന്ന വിശദീകരണമാണ് ഗിരീഷ് നല്‍കിയതെന്നുമായിരുന്നു പത്രത്തിന്റെ വിശദീകരണകുറിപ്പില്‍ പറഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.