തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്. നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്ന സാഹചര്യത്തില്‍ കേരള പൊലീസ് കനത്ത ജാഗ്രതയിലാണ്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് നാളെ രാവിലെ 10.30 ന് സുപ്രീം കോടതി വിധി പറയുക.

Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയാനിരിക്കെ പ്രതികരണവുമായി സിപിഎം. ശബരിമല വിധി കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിധി എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. എല്ലാവരും ആത്മസംയമനത്തോടെയായിരിക്കും വിധിയെ അംഗീകരിക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമല വിധി എന്തു തന്നെയായാലും അത് നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിധിയുടെ മറവിൽ ആരും അക്രമങ്ങൾ നടത്തരുതെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.