കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം. നിലവിലെ അഞ്ചംഗ ബഞ്ചിന്റെ ഉത്തരവിൽ ആശയക്കുഴപ്പം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകൻ എസ്.രാജ് മോഹന്റെ നിയമോപദേശം.

യുവതീപ്രവേശം വിശാല ബഞ്ച് പരിശോധിക്കണമെന്ന് നിലവിലെ ബഞ്ച് നിർദേശിച്ചിരിക്കുകയാണെന്ന് നിയമോപദേശത്തിൽ പറയുന്നു. 1965 ലെ കേരള പൊതു ആരാധനാ സ്ഥല ചട്ടത്തിലെ സെക്ഷൻ മൂന്ന് (ബി) വിശാല ബഞ്ച് പരിശോധിക്കണമെന്ന് അഞ്ചംഗ ബഞ്ച് നിർദേശിച്ചിരിക്കുകയാണ്. വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് വിശാല ബഞ്ച് പരിശോധിക്കുന്നതാവും ഉചിതമെന്നും സുപ്രീം കോടതിയുടെ തന്നെ മുൻ
ഉത്തരവുണ്ടെന്നും അഭിഭാഷകൻ നിയമോപദേശത്തിൽ ചുണ്ടിക്കാട്ടുന്നുണ്ട്.

Read Also: വിവാദങ്ങള്‍ ഏശാതെ ശബരിമല സന്നിധാനം; വന്‍ ഭക്തജന തിരക്ക്, ആദ്യ ദിനമെത്തിയത് അരലക്ഷത്തിലേറെ ആളുകള്‍

അതേസമയം, ശബരിമലയിൽ യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും. സുപ്രീം കോടതി വിധിയിൽ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എൽഡിഎഫിന് ഇപ്പോഴും. മുൻ നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുണ്ട്. ശബരിമല വിധിയിലെ അവ്യക്തതയാണ് യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ടെന്ന് വയ്‌ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നു. വിശാല ബഞ്ചിലേക്ക് വിട്ടതോടെ 2018 ലെ വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.