മഞ്ചേശ്വരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ശബരിമല നിയമനിര്‍മ്മാണത്തെ കുറിച്ച് ബിജെപി പറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്കുവേണ്ടിയുള്ള നടപടികള്‍ ശക്തമായി എടുക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ വിശ്വാസികള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളും. പുനഃപരിശോധനാ ഹര്‍ജികളിലുള്ള വിധി വരും കേസ് സുപ്രീം കോടതിയുടെ പെന്‍ഡിങ്ങിലുള്ള വിഷയം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെയെല്ലാം തള്ളുന്ന രീതിയിലാണ് ശ്രീധരൻ പിള്ളയുടെ പുതിയ പ്രസ്താവന.

അതേസമയം, ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. 2021 ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ചെന്നിത്തല ആവര്‍ത്തിച്ചു. ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ തീര്‍ച്ചയായും നിയമനിര്‍മ്മാണം നടത്തും. യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മ്മാണം നടത്തുകയെന്നു ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്താന്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വെല്ലുവിളിച്ചു.

ബിജെപിക്കെതിരെയും ചെന്നിത്തല രൂക്ഷ വിമര്‍ശനമുന്നയിച്ചു. ശബരിമല ബിജെപിക്കു സുവര്‍ണാവസരമായിരുന്നു. ശബരിമലയില്‍ നിയമനിർമാണം നടത്തുമെന്നു പറഞ്ഞു ബിജെപി വിശ്വാസികളെ കബളിപ്പിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശബരിമലയെ ഉപയോഗിച്ചത്. യുവതീ പ്രവേശന വിധിക്കെതിരെ പാര്‍ലമെന്റിൽ നിയമനിർമാണം നടത്താന്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും വെല്ലുവിളിക്കുകയാണ്. അതിനുള്ള ധൈര്യം ബിജെപിക്ക് ഉണ്ടോയെന്നു രമേശ് ചെന്നിത്തല ചോദിച്ചു.

Read Also: ശബരിമല വിധിയ്ക്കുശേഷം ഭീഷണികളുണ്ടായി, വിധിയില്‍ ഉറച്ചുനില്‍ക്കുന്നു: ജസ്റ്റിസ് ചന്ദ്രചൂഡ്

ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നാണ് സിപിഎം പറയുന്നത്. ശബരിമല യുവതീ പ്രവേശനം സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് വിധി ശബരിമല യുവതീപ്രവേശന വിഷയത്തെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പിലെ ഫലം നോക്കി ശബരിമല യുവതീ പ്രവേശന വിധിയില്‍ കോടതി മാറ്റം വരുത്താന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമല്ല. മറ്റു കാര്യങ്ങളാണു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. വിശ്വാസികളായ ജഡ്ജിമാരാണു ശബരിമല യുവതീ പ്രവേശനത്തില്‍ വിധി പുറപ്പെടുവിച്ചത്. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നു പറഞ്ഞതു ബിജെപിയാണ്. എന്നാല്‍, അവര്‍ തന്നെ ഇപ്പോള്‍ പറയുന്നു നിയമനിര്‍മാണം സാധ്യമല്ലെന്ന്. ഇതില്‍നിന്നു കാര്യങ്ങള്‍ വ്യക്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.