അഗളി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനായി എരുമേലി വരെ എത്തി തിരിച്ചു പോകേണ്ടി വന്ന ബിന്ദു തങ്കം കല്യാണി എന്ന അധ്യാപികയ്‌ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ സംഘപരിവാര്‍. ഇത്തവണ ബിന്ദുവിന്റെ മകള്‍ പഠിക്കുന്ന സ്‌കൂളിലെത്തിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണി.

ബിന്ദു പഠിപ്പിക്കുന്ന അഗളി ഗവണ്‍മെന്റ് സ്‌കൂളില്‍ തന്നെയാണ് മകളും പഠിക്കുന്നത്. എന്നാല്‍ ബിന്ദുവിന്റെ നിലപാടുകളോട് വിയോജിപ്പുള്ള അധ്യാപകര്‍ ചേര്‍ന്ന് അത് തന്റെ മകളോട് പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് കുട്ടിയെ സ്‌കൂള്‍ മാറ്റാന്‍ ബിന്ദു തീരുമാനിക്കുന്നത്.

‘എന്റെ സ്‌കൂളില്‍ തന്നെയായിരുന്നു അവള്‍ പഠിച്ചുകൊണ്ടിരുന്നത്. അവിടുത്തെ കുട്ടികളുടെ രക്ഷിതാക്കള്‍, അവളോട് മിണ്ടരുതെന്ന് കുട്ടികളോട് പറഞ്ഞുവിട്ടു. പിന്നെ അധ്യാപകര്‍ എന്നോടുള്ള വിരോധം കുട്ടിയോട് തീര്‍ക്കുകയാണ്. ഒന്നുരണ്ട് തവണ അടിച്ച് അവളുടെ കൈയ്യൊക്കെ പൊട്ടി. അവിടെ പോകാന്‍ വയ്യ എന്നു പറഞ്ഞ് കരച്ചിലായപ്പോഴാണ് മാറ്റാം എന്നു കരുതിയത്. ഒരുപാട് ഇഷ്ടമുള്ള സ്‌കൂളായിരുന്നു അവള്‍ക്ക്,’ ബിന്ദു പറയുന്നു.

Read More: പഠിപ്പിക്കാത്ത പാഠം: ശബരിമല കയറാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് ക്ലാസില്‍ കൂട്ട ശരണം വിളി

ആരെയും അറിയിക്കാതെയാണ് താന്‍ ആനക്കട്ടിയിലുള്ള വിദ്യാവനം സ്‌കൂളില്‍ മകളെ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും, എന്നാല്‍ അഗളിയിലുള്ള ആരോ വിളിച്ചു പറഞ്ഞാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതറിഞ്ഞതെന്നാണ് താന്‍ കരുതുന്നതെന്നും ബിന്ദു പറയുന്നു.

‘പരസ്യമായി തന്നെയാണ് സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ ഞാനും മോളും പോയത്. എന്നാല്‍ അന്നൊന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പിന്നീട് ആരോ വിളിച്ചു പറഞ്ഞാണ് പ്രശ്‌നം ഉണ്ടായത്. സ്‌കൂളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിഷന്‍ എടുക്കാന്‍ പോകുന്ന കാര്യം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ആരാണ് എന്നറിയില്ല, പക്ഷെ അഗളിയില്‍ നിന്നുള്ള വിവരപ്രകാരമാണ് ആളുകള്‍ എത്തിയതെന്നാണ് അറിഞ്ഞത്. എത്തിയവരില്‍ പലര്‍ക്കും ഞാന്‍ പഠിപ്പിക്കാന്‍ ചെന്നതാണോ കുട്ടിയെ ചേര്‍ക്കാന്‍ ചെന്നതാണോ എന്നറില്ല,’ ബിന്ദു പറുന്നു.

അഡ്മിഷന്‍ തരാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തടസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ മറ്റു കുട്ടികള്‍ക്കും സമാധാനമായി പഠിക്കാന്‍ ഉള്ള അന്തരീക്ഷം വേണമെന്ന ആവശ്യത്തെ മനസിലാക്കാന്‍ സാധിക്കും എന്ന് ബിന്ദു പറയുന്നു.

Read More: ശബരിമലയില്‍ പോയ അധ്യാപികയെ സ്കൂളിൽ നിന്നും വിലക്കി, വാടക വീട്ടില്‍ നിന്നും പുറത്താക്കി

‘നല്ലൊരു സ്‌കൂളാണത്. കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ല അവിടെ. തമിഴ്നാട് അതിര്‍ത്തിയിലാണ്. ഇപ്പോള്‍ താമസിക്കുന്നിടത്തു നിന്നും അരമണിക്കൂര്‍ യാത്രയുണ്ട് പുതിയ സ്‌കൂളിലേക്ക്. ഞങ്ങള്‍ക്ക് അഡ്മിഷന്‍ തരുന്നതില്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പക്ഷെ മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്ഥലമല്ലേ. അവരെക്കുറിച്ചുകൂടി നമ്മള്‍ ചിന്തിക്കണമല്ലോ. അഗളി സ്‌കൂളിലെ അവസ്ഥയാണ് കഷ്ടം. ഗവണ്‍മെന്റ് സ്‌കൂള്‍ ആയിട്ടു പോലും കുട്ടിക്ക് സമാധാനത്തോടെ പഠിക്കാനുള്ള അന്തരീക്ഷമില്ല. നിയമപരമായി ഏത് സ്‌കൂളിലും അഡ്മിഷന്‍ വാങ്ങിക്കാം. പക്ഷെ സ്‌കൂളിലുള്ളവര്‍ ഉണ്ടാക്കുന്നവരെ എങ്ങനെ നേരിടണം എന്നാണ് അറിയാത്തത്. അഗളിയില്‍ എന്നെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട്. പക്ഷെ മകള്‍ പഠിക്കുന്ന ക്ലാസിലെ അധ്യാപകര്‍ അങ്ങനെ അല്ലെങ്കില്‍ എന്തു ചെയ്യാനാകും,’ഈ അവസ്ഥയില്‍ പെട്ടെന്നൊന്നും മാറ്റം വരുമെന്ന പ്രതീക്ഷയില്ലെന്ന് ബിന്ദു പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. എന്നാല്‍ എരുമേലി വരെ എത്തിയ ബിന്ദുവിന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചു പോരേണ്ടി വന്നു. ആ സമയത്ത് കോഴിക്കോട് ചേവായൂരിലായിരുന്നു ബിന്ദു താമസിച്ചിരുന്നത്. അവിടെ ഇവര്‍ താമസിച്ചിരുന്ന വീടിനു നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് വീട്ടുടമ ഇവരെ ഇറക്കി വിട്ടിരുന്നു.

പിന്നീടാണ് ബിന്ദുവിന് അഗളി സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ബിന്ദു പഠിപ്പിക്കുന്ന സ്‌കൂളിന് മുന്നിലെത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്‌കൂളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് പരസ്യഭീഷണിയും നടത്തുകയുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.