കൊച്ചി: ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദർശനം നേടിയ യുവതികൾ പ്രസ്താവനയുമായി രംഗത്ത്. തങ്ങളെ പൊലീസ് അല്ല ഉപയോഗിച്ചതെന്ന് അവർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

“പൊലീസ് ഞങ്ങളെ ഉപയോഗിച്ചിട്ടില്ല. ഞങ്ങളാണ് പൊലീസിനെ ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പ് നൽകിയത് രണ്ട് പൊലീസ് സൂപ്രണ്ടുമാരാണ്. പമ്പ മുതൽ സന്നിധാനം വരെയാണ് സുരക്ഷ ഉറപ്പാക്കിയത്. തങ്ങളുടെ ശബരിമല സന്ദർശനത്തിൽ പൊലീസിന്റെയോ, സർക്കാരിന്റെയോ ഗൂഢാലോചനയില്ല. അയ്യപ്പ ദർശനം സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു. പമ്പ മുതൽ സന്നിധാനം വരെ നടന്നാണ് കയറിയത്,” എന്നും അവർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച പുലർച്ചെ 3.48 ഓടെയാണ് 50 വയസിൽ താഴെ പ്രായമുളള ബിന്ദുവും കനക ദുർഗയും ശബരിമലയിലേക്ക് പോയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയാണ് കനകദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു.

ഡിസംബര്‍ 24ന് ദര്‍ശനത്തിന് എത്തിയ ഇരുവരും പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരികെ പോയിരുന്നു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരെയാണോ നിങ്ങള്‍ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ പമ്പയില്‍ നിന്നും പൊലീസ് തിരികെ കൊണ്ടുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.