തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണ് സര്‍ക്കാരെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധന ഹര്‍ജിയുടെ കാര്യത്തിലും ഇതുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് ചിലര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഒടുവില്‍ നിയമനിര്‍മാണം സാധ്യമല്ലെന്ന കാര്യം പാര്‍ലമെന്റിൽ പറഞ്ഞിട്ടുണ്ട്. യുവതീ പ്രവേശനത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ് അത്തരക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read Also: 2021 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക ശബരിമല നിയമനിർമാണം: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. യുവതീ പ്രവേശനത്തിലായാലും പുനഃപരിശോധനാ ഹര്‍ജിയിലായാലും സുപ്രീം കോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍ നിലപാടെന്നും പിണറായി ആവര്‍ത്തിച്ചു.

ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും പിണറായി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെ എതിർത്തു. പാർലമെന്റിലും നിയമസഭയിലും നിയമനിർമാണം നടത്താൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് സാധിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. 2021 ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്തുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.