ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍; സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍

ശബരിമല ബില്ലിന് വെള്ളിയാഴ്ചയാണ് അവതരണാനുമതി ലഭിച്ചിരിക്കുന്നത്

Sabarimala, ശബരിമല, Sannidhanam, ശബരിമല ക്ഷേത്രം, Sabarimala Temple, Lord Ayyappa, അയ്യപ്പൻ, iemalayalam, ഐഇ മലയാളം
ശബരിമല ക്ഷേത്രം

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭയില്‍. ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ ബില്‍ അവതരിപ്പിക്കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അനുമതി തേടി. സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി നിലനില്‍ക്കെയാണ് ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നത്.

Read Also: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണമായിട്ടാണ് എന്‍.കെ.പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനില്‍ക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.

Read Also: ശബരിമലയില്‍ നിയമനിര്‍മ്മാണം വേണം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാല് പേര്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച് വിധി എഴുതിയപ്പോള്‍ ഒരു ജഡ്ജി മാത്രമാണ് അതിനെ എതിര്‍ത്തത്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ പ്രത്യക്ഷമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയവും ശബരിമല തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തിയപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിരവധി തവണ നടത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry bill in lok sabha udf nk premachandran mp

Next Story
മരക്കുരിശിനൊപ്പം ശൂലം; രണ്ടും എടുത്തുമാറ്റി അധികൃതർSpear Cross Idukki
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express