ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍. യുഡിഎഫ് എംപി എന്‍.കെ.പ്രേമചന്ദ്രനാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുക. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സ്വകാര്യ ബില്‍. യുവതീ പ്രവേശന ബില്‍ കൂടാതെ മറ്റ് സുപ്രധാന ബില്ലുകളും ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയാകും.  ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി നിലനില്‍ക്കെയാണ് ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് നീക്കം

Read Also: ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍; സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

Read Also: ‘ഇത് ബിജെപിയെ പ്രതിരോധത്തിലാക്കും’: ശബരിമല ബില്ലിനെ കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍

പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണമായിട്ടാണ് എന്‍.കെ.പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനില്‍ക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാല് പേര്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച് വിധി എഴുതിയപ്പോള്‍ ഒരു ജഡ്ജി മാത്രമാണ് അതിനെ എതിര്‍ത്തത്.

ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണെന്ന് പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളില്‍ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്‌ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു.

ഈ ബില്ലിനെ കുറിച്ച് ബിജെപി അംഗങ്ങളോട് സംസാരിക്കേണ്ട ആവശ്യം ഇല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ബിൽ അവതരിപ്പിക്കുന്നതിന് ബിജെപി അംഗങ്ങളോട് ആലോചിക്കുന്നത് എന്തിനാണ്. ബിൽ തള്ളി പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ചര്‍ച്ച ചെയ്ത ശേഷമല്ലേ തള്ളി പോകുകയുള്ളൂ. ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. ബിജെപിക്ക് ബില്ലിനെ എതിര്‍ക്കാന്‍ പറ്റുമോ? ബിജെപി സ്വന്തം നിലപാട് സഭയില്‍ പറയേണ്ടി വരുമല്ലോ. ശബരിമല യുവതീ പ്രവേശന ബിൽ തള്ളിയാല്‍ കേരളത്തില്‍ ബിജെപിക്ക് പിന്നെ എന്ത് അടിസ്ഥാനമാണുള്ളത്. ശബരിമല ബിൽ ചര്‍ച്ചയ്ക്ക് വന്നാല്‍ ബിജെപി പ്രതിരോധത്തിലാകും. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.