തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരണമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

‘വിശ്വാസികള്‍ക്കൊപ്പമാണ് ബിഡിജെഎസ്. ഇത് ഹിന്ദു സമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. നാളെ മറ്റേത് മതസ്ഥര്‍ക്കും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വിധി നിര്‍ഭാഗ്യകരമാണെന്നും കൂടിയാലോചന ഇല്ലാതെ സമരം നടത്തരുതെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചിലര്‍. കൂടിയാലോചന ഇല്ലാതെ സമരത്തിന് ഇറങ്ങാന്‍ കഴിയില്ലെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. നാഥനില്ലാത്ത ഒരു സമരത്തെ കുറിച്ചാണ് വെളളാപ്പളളി പറഞ്ഞത്,’ തുഷാര്‍ വ്യക്തമാക്കി.

ശബരിമല വിധിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വിധിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും വ്യക്തമാക്കി. വിധിക്കതിരെ അടുത്ത വിമോചന സമരം നടത്താമെന്നാണ് ഉദേശ്യമെങ്കിൽ പൊള്ളത്തരം തുറന്ന് കാട്ടാന്‍ സമാന ചിന്താഗതിക്കാരുമായി എസ്എന്‍ഡിപി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘ശബരിമല വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. സ്ത്രീകള്‍ പോകണമെന്ന് തനിക്ക് അഭിപ്രായില്ല. എന്നാല്‍ വിധിക്കെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘ബിജെപിയും കോണ്‍ഗ്രസും നിലപാട് മാറ്റിക്കളിക്കുകയാണ്. വിധിയുടെ മറവില്‍ തങ്ങള്‍ക്ക് പിറകില്‍ ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. സ്ത്രീകളെയും കൂട്ടി പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ ഇത് തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ സമരവുമായി ഇറങ്ങുമ്പോള്‍ എല്ലാ സംഘടനകളുമായി ആലോചിക്കേണ്ടതായിരുന്നു. ഹിന്ദുക്കളോട് വലിയ അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു സമരം നടത്തേണ്ടത്. അത്തരത്തില്‍ ഒരു ഹിന്ദു സംഘടനയും അത്തരമൊരു നീക്കം നടത്തിയതായി അറിയില്ല. തമ്പ്രാക്കന്‍മാര്‍ തീരുമാനിച്ച് അടിയാന്‍മാരെ വിളിക്കുന്ന തരത്തിലുള്ള നീക്കം മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.