കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദുവും കനക ദുര്‍ഗയും നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കോട്ടയം എസ്പിയുമായി ബിന്ദു ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇരുവരും സമരം അവസാനിപ്പിച്ചത്. മണ്ഡലമാസം അവസാനിക്കുന്നതിന് മുമ്പു തന്നെ ദര്‍ശനം നടത്തി കൊടുക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു ഇരുവരും നിരാഹാര സമരം ആരംഭിച്ചത്. പൊലീസ് തങ്ങളെ അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കണമെന്നുമായിരുന്നു ഇരുവരുടേയും ആവശ്യം. തങ്ങളെ പിന്തിരിപ്പിക്കാന് നിര്‍ബന്ധിക്കുകയാണെന്നും ഇരുവര്‍ ആരോപിച്ചിരുന്നു.
ശബരിമല ദര്‍ശന ദൗത്യത്തില്‍ നിന്നും പിന്മാറാന് തയ്യാറാണെന്ന് ബിന്ദുവും കനക ദുര്‍ഗയും അറിയിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാന്‍ ഇരുവരും സന്നദ്ധത അറിയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാതിരുന്നത്. പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വീണ്ടും ദര്‍ശനത്തിനായി ശബരിമല കയറണമെന്ന നിലപാടില്‍ ബിന്ദുവും കനക ദുര്‍ഗയും ഉറച്ചു നിന്നു.