തിരുവനന്തപുരം: തിരുവനന്തപുരം: കോടതി വിധിച്ചാൽ പോലും മാനവും മര്യാദയുമുള്ള സ്ത്രീകൾ ശബരിമല കയറില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ. ശബരിമലയെ തായ്ലൻഡ് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകൾ കയറേണ്ടതില്ലെന്നാണ്‌ ദേവസ്വം ബോർഡ് നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാൽ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രയാര്‍ സ്ത്രീസമൂഹത്തെയും, അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിച്ചിരിക്കുകയാണെന്ന് കടകംപ്പള്ളി പറഞ്ഞു.

ശബരിമലയെ തായ്‌ലാന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞതായി കണ്ടു. എന്ത് താരതമ്യമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകള്‍ക്ക് നിലവില്‍ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ അവിടം പ്രയാര്‍ കരുതുന്നത് പോലെ മോശമാകുമെങ്കില്‍ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞേ മതിയാകൂ – വാര്‍ത്താക്കുറിപ്പില്‍ ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പ്രയാർ. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി 2007ൽ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ആദ്യം യു.ഡി.എഫ് സർക്കാരിന്റെ നിലപാട് തുടരുകയും പിന്നീട് അതു പിൻവലിച്ച് പഴയതിലേക്ക് മാറുകയും ചെയ്‌തു. സംസ്ഥാന സർക്കാരിന്റെ നടപടി നിയമപരമായി നിലനിൽക്കുമോയെന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ