തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഭക്തജനങ്ങള്‍ക്കു പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിനാവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്കു ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.
വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലയ്ക്കലിലുള്ള പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചു. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാം.
ദേവസ്വം വകുപ്പുമന്ത്രി പങ്കെടുക്കുന്ന ഉന്നതതല യോഗം ആഴ്ചയിലൊരിക്കല്‍ ചേര്‍ന്ന് അവലോകനം നടത്തും. കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് എത്തുവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. 12 മണിക്കൂര്‍ വരെ ക്യൂ നിന്നശേഷമാണ് തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രനടയിലെത്താന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നത്.
വരും ദിവസങ്ങളിലും തിരക്ക് കൂടുതല്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു.