ശബരിമല വെർച്വൽ ക്യൂ: ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാർ

ഭക്തർക്ക് സ്പോട് ബുക്കിംഗിന് അവസരം ഒരുക്കിയിട്ടുണ്ടന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

sabarimala, iemalayalam
ഫയൽ ചിത്രം

കൊച്ചി: ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യുന്ന ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണന്നും ഭക്തർക്ക് സ്പോട് ബുക്കിംഗിന് അവസരം ഒരുക്കിയിട്ടുണ്ടന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിൻ്റെ നടത്തിപ്പ് ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി നിർദേശ പ്രകാരമാണ് സർക്കാർ റിപ്പോർട് സമർപ്പിച്ചത്.

ഭക്തരുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും തിരിച്ചറിയൽ വിവരങ്ങൾ രഹസ്യ കോഡുകളിലേക്ക് മാറ്റിയിരിക്കുകയാണന്നും പരിശോധനാ ഉദ്യോഗസ്ഥർക്ക് അപ്രാപ്യമാണന്നും സർക്കാർ വ്യക്തമാക്കി. തിരിച്ചറിയൽ നമ്പറുകൾ തെരച്ചിലിന് സാധ്യമാവാത്തവിധം അവ്യക്തമാണെന്നും അറിയിച്ചു.

ഈ മണ്ഡലകാലത്തേക്കായി ഈ മാസം പത്ത് മുതൽ ഡിസംബർ 19 വരെ 18,30,000 വെർച്വൽ കൂപ്പണുകൾ അനുവദിച്ചതായും 13,34,337 ഭക്തർ ബുക്ക് ചെയ്തതായും 2,06,246 പേർ ബുക്കിംഗ് റദ്ദാക്കിയതായും സർക്കാർ വ്യക്തമാക്കി.

നിലയ്ക്കൽ, എരുമേലി, കുമളി എന്നിവിടങ്ങളിൽ സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ നമ്പർ ഇല്ലാത്തവർക്കും ബുക്കിംഗിന് അവസരമുണ്ടന്നും സർക്കാർ അറിയിച്ചു.

അതേസമയം, പമ്പ-ത്രിവേണിയിലെ ഞുണങ്ങാറിൽ താൽക്കാലിക പാലം നിർമ്മിക്കുന്നതിന് സൈന്യത്തിൻ്റെ സഹായം ലഭ്യമാവുമോ എന്നറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. അടിയന്തരമായി ബയ്ലി പാലം നിർമിക്കുന്നതിന് നാളെ നിലപാടറിയിക്കണം.

കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർത്ത കോടതി നാളെ പ്രത്യേക സിറ്റിംഗ് നടത്തും. കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയെന്നും നടപടി വേണമെന്നുമുള്ള സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പിജി അജിത് കുമാറും അടങ്ങുന്ന ബഞ്ചിൻ്റെ നടപടി.

പാലം ഒലിച്ചുപോയതിനാൽ സ്വീവേജ് പ്ലാൻ്റ്, ഇൻസിനറേറ്റർ, കെമിക്കൽ പ്ലാൻറ് എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണന്നാണ് കമ്മീഷണറുടെ റിപോർട്. 2018 ലെ പ്രളയത്തിൽ ഞുണങ്ങാർ പാലം ഒലിച്ചുപോയിരുന്നു. താൽക്കാലികമായി നിർമിച്ച പാലമാണ് വീണ്ടും തകർന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala virtual queue kerala government response at high court

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com