ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന വിധിയില്‍ തന്ത്രികുടുംബം പുനഃപരിശോധനാ ഹര്‍ജി നല്കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ എന്‍എസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.
വിശ്വാസവും ആചാരവും കണക്കിലെടുക്കാതെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹർജിയിൽ തന്ത്രിമാർ ആരോപിക്കുന്നു. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളില് അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തില്‍ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഈ മാസം 28 ന് ശേഷം മാത്രമെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം തുലാമാസ പൂജകൾക്കായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നല്കി. പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ചയ്ക്കകം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മണ്ഡല മകരവിളക്ക് പൂജയ്ക്കുള്ള ഒരുക്കങ്ങൾ നവംബര്‍ 15ന് മുൻപ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.