തിരുവനന്തുപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ തീരുമാനം. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രി കുടുംബത്തെ ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും ഇന്ന് തന്ത്രിമാരെ കാണും.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ പ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തിൽ നിന്ന് തന്നെ നീക്കം ആരംഭിച്ചതോടെയാണ് സർക്കാർ സമവായ ചർച്ചകൾക്കൊരുങ്ങുന്നത്. കോൺഗ്രസും ബിജെപിയും വിഷയം രാഷ്ട്രീയ ആയുധമാക്കിയതും സർക്കാരിന് തലവേദനയായിട്ടുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

ശബരിമല വിഷയത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചർച്ച നടത്താൻ ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം എന്നിങ്ങനെ ശബരിമലയോട് പ്രത്യക്ഷബന്ധമുള്ളവരുമായി ചർച്ച നടത്താനാണ് നിർദ്ദേശം.

എല്ലാ വാദങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചത് എന്നിരിക്കെ, ശബരിമലയുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ തെറ്റിദ്ധാരണയെ മറികടക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക തങ്ങളുടെ ബാധ്യതയാണെന്ന് സർക്കാർ തന്ത്രി കുടുംബത്തെ അറിയിക്കും.

അതേസമയം ദേവസ്വം ബോർഡ് വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലന്നാരോപിച്ച് ദേവസം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് ബാരിക്കേഡുകൾ തകർത്ത് യുവമോർച്ച പ്രവർത്തകർ എ.പദ്മകുമാറിന്റെ വീടിനടുത്ത് വരെയെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.