കൊച്ചി: എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിച്ച സുപ്രീം കോടതി വിധിക്ക് കാരണക്കാർ ഇടതുപക്ഷം അല്ലെന്ന് രാഹുൽ ഈശ്വർ. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ മുൻ നിലപാട് മാറ്റിയത്.

“ഇടത് ലിബറലുകളും ബര്‍ഖ ദത്തുമൊക്കെയാണ് ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കേസിന് പിന്നിലെന്നായിരുന്നു തന്‍റെ ആദ്യ ധാരണ. പിന്നീട് യങ്‌ ലോയേഴ്‌സ് എന്ന സംഘടനയാണെന്നും കരുതി. ഇവർ രണ്ടുപേരുമല്ല, മറിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്നാണ് പിന്നീട് കരുതിയത്. എന്നാല്‍ ഇവരാരുമല്ല ശബരിമല കേസിന് പിന്നിൽ. ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള സവര്‍ണ വിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണ് ശബരിമല കേസിന് പിന്നിൽ,” രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലേക്കും, ആരാധനാലയങ്ങളിലേക്കും കടന്നുകയറാനുളള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ കേസും ഉണ്ടായത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കലാണ് ഇവരുടെയെല്ലാം ലക്ഷ്യം. ഹിന്ദു ക്ഷേത്രത്തെ മുന്നില്‍ നിര്‍ത്തി ഇത് ചെയ്യുമ്പോള്‍ മതേതര ടാഗ് ലഭിക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച് ഞങ്ങള്‍ വലിയ ത്യാഗം ചെയ്തു. അത് കൊണ്ട് ഇനി യൂണിഫോം സിവില്‍ കോഡ് കൊണ്ട് വരാം എന്നവർ പറയും,” രാഹുൽ ഈശ്വർ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതിന്റെ പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.