/indian-express-malayalam/media/media_files/uploads/2018/11/Sabarimala.jpg)
തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യപ്പെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയെ സമീപിക്കും. പല കോടതികളിലും പൊലീസ് നടപടിയെ തടയുന്ന തരത്തിലുള്ള ഹര്‍ജികള്‍ വരുന്നത് മൂലം വിധി നടപ്പിലാക്കാനാകുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും. വിധി നടപ്പിലാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഹര്‍ജിയില്‍ പറയും.
ശബരിമലയില്‍ യഥാര്‍ഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രശ്‌നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളത്. അതിനു പോലും വിമര്‍ശനം നേരിടേണ്ടി വന്നെന്നും പൊലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ദില്ലിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് പൊലീസ് നീക്കം.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ഇന്ന് നിലയ്ക്കലില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പെരുനാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
പൊലീസ് നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എട്ടംഗ സംഘം ഉച്ചയോടെയാണ് നിലയ്ക്കലില്‍ എത്തിയത്. ഇവരെ ഇലവുങ്കലില്‍ തടഞ്ഞ് പേരു വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പിന്നീട് സന്നിധാനത്ത് തങ്ങാന്‍ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും സംഘത്തെ പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കി. നോട്ടീസ് ഒപ്പിട്ടു നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഈ നോട്ടീസ് അംഗീകരിച്ച് പമ്പയിലേക്ക് പോകാമെന്ന് അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. പൊലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് തങ്ങള്‍ നിന്നു തരില്ലെന്ന് പറഞ്ഞ് പോകാന്‍ ശ്രമിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് എട്ടംഗ സംഘം പോലീസിനെ അറിയിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.