തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കാലാവധി പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പി.സദാശിവം ഇക്കാര്യം പറഞ്ഞത്. യാത്രയയപ്പിനോട് അനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണു ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.
ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വിധിയോട് എതിര്‍പ്പുള്ളവര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ച് തങ്ങളുടെ പരാതി അറിയിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റ് പറ്റിയതായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെ ഗവര്‍ണര്‍ അപലപിച്ചു. സര്‍ക്കാരില്‍ നിന്നും പിഎസ് സിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. എല്ലാ മാസവും സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് പി.സദാശിവം നാട്ടിലേക്ക് മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഗവര്‍ണര്‍ക്ക് യാത്രയയപ്പ് നല്‍കി.
പുതിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും. കേരളത്തിന്റെ പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു. ജനതാ പാര്‍ട്ടിക്കാരനായാണ് ആരിഫ് മുഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവാകുന്നത്. രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയിൽ കോൺഗ്രസിൽ നിന്ന് അകന്നു. പിന്നീടാണ് അദ്ദേഹം ബിജെപിയിൽ എത്തുന്നത്.
2007 ന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നിരുന്ന ആരിഫ് മുഹമ്മദ് കഴിഞ്ഞ കുറച്ച് നാളുകളായി മോദി സര്‍ക്കാരിനോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ്.