തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതില്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഹര്‍ജി നല്‍കുന്നതിനായുള്ള മറ്റു നടപടികളെല്ലാം പൂര്‍ത്തിയായി.

പ്രളയം മൂലം പമ്പയില്‍ ഉണ്ടായിട്ടുളള പ്രത്യേക സാഹചര്യം, ശബരിമല വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കേന്ദ്ര വനംവകുപ്പിന്റെ അടക്കമുളള നിര്‍ദേശവും വിധിയും ഉളളത്, ഭക്തജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി കൂടതുല്‍ വനഭൂമി ലഭ്യമാക്കുന്നതിനുളള ആവശ്യം എന്നിവ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുളളത്. കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ചന്ദര്‍ ഉദയ് സിങ് എന്ന അഭിഭാഷകന്‍ മുഖേനയാകും സാവകാശ ഹര്‍ജി നല്‍കുകയെന്ന് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ റിവ്യൂ, റിട്ട് പെറ്റീഷനുകള്‍ സുപ്രീം കോടതി ജനുവരി 22 ന് പരിഗണിക്കും. ഈ പെറ്റീഷനുകള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സാവകാശ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ