കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി തീരുമാനം. എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

അയ്യപ്പന്റെ ജന്മസ്ഥാനത്ത് നിന്നും ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുക. ഈ മാസം 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിക്കും.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിച്ചതായും ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ട് അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കാണ് സിപിഎം ശ്രമം. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നു. പ്രശ്ന പരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുകയാണ്. എന്നാല്‍ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.

സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് റിവ്യു ഹര്‍ജിയില്‍ പറയുന്നു. റിവ്യു ഹര്‍ജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എന്‍എസ്എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പിന്മാറിയത് ശരിയാണോയെന്ന് അവര്‍ തന്നെ ആലോചിക്കണമെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ആ നിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുളള പ്രമുഖ പണ്ഡിതരും, സാമൂഹ്യപരിഷ്‌കര്‍ത്താക്കളും, അഴിമതിക്കാരല്ലാത്തവരെയും ഉള്‍പ്പെടുത്തിയ ഒരു സമിതിയെ നിയമിച്ച് അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ആവശ്യം. എന്നാല്‍ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. അതിനാലാണ് സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കാത്തത്” പിണറായി പറഞ്ഞു.

ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കാനുള്ള വിശ്വാസികളുടെ പോരാട്ടത്തിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആർഎസ്സ്എസ്സ് രംഗത്തെത്തിയിട്ടുണ്ട്. “ശബരിമല കർമ്മസമിതി”എന്ന കൂട്ടായ്മയ്ക്ക് കീഴിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണവർ. അഡ്വ. ഗോവിന്ദഭരതൻ, കെപി ശശികല ടീച്ചർ, എസ് ജെ ആർ കുമാർ എന്നിവർ പ്രക്ഷോഭം നയിക്കും.

ശബരിമല ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മ രക്ഷാ സമിതിയും നാമജപ യാത്ര സംഘടിപ്പിക്കും. ഓക്ടോബർ 10ന് രാജ്ങവനിലേക്കാണ് നാമജപ യാത്ര.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ