തിരുവനന്തപുരം: റിവ്യൂ ഹർജികൾ സംബന്ധിച്ച് സുപ്രീം കോടതി തീരുമാനത്തിന്റെ  പശ്ചാത്തലത്തിൽ മണ്ഡലകാലത്തിന് മുന്പ് തന്നെ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. തന്ത്രി, പന്തളം രാജകുടുംബം എന്നിവരുമായുളള ചര്‍ച്ചയും നാളെ നടക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തന്ത്രിയും രാജകുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ചര്‍ച്ച നടക്കുക. സമവായ ശ്രമത്തിന് മുഖ്യമന്ത്രി തയ്യാറായെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി ഇന്നലെ നല്‍കിയത്.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സർവകക്ഷിയോഗം ചേരുക. സുപ്രീം കോടതി ജനുവരി 22ന് റിവ്യൂഹർജി സംബന്ധിച്ച വാദം തുറന്ന കോടതിയിൽ കേൾക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശബരിമലയിലെ പ്രായഭേദമന്യേയുളള സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ നേരത്തെയുളള സുപ്രീം കോടതി വിധി നിലനിൽക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ തീരുമാനത്തിന് വേറെ അർത്ഥമുണ്ടോയെന്ന കാര്യം നിയമവിദഗ്‌ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയരുന്നു.

ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ മാസം പതിനാറിന് ആരംഭിക്കുന്ന മണ്ഡലകാല, മകരവിളക്ക് സീസൺ ജനുവരി 20 വരെയാണ്. നിലവിലത്തെ സാഹചര്യത്തിൽ​ ശബരിമലയിലെ ഉത്സവകാലം കഴിഞ്ഞ് മാത്രമേ കോടതി തീരുമാനം ഉണ്ടാകൂ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർവകക്ഷിയോഗം വിളിക്കുന്നതെന്നാണ് അറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.