കൊച്ചി: മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ സ്വകാര്യ ചെറു വാഹനങ്ങള്‍ക്കു പമ്പ വരെ പോകാന്‍ അനുമതി. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീരുമാനം രേഖപ്പെടുത്തിയ കോടതി 12 സീറ്റ് വരെയുളള വാഹനങ്ങള്‍ക്കു അനുമതി നല്കി ഇതുസംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കി.
അതേസമയം, പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്കു മടങ്ങണം. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പൊലീസിനു നടപടിയെടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്കു വാഹനങ്ങള്‍ പമ്പയിലേക്കു തിരിച്ചുവിളിച്ച് മടങ്ങാം.
സുരക്ഷാ കാരണങ്ങളാല്‍ പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതു പൊലീസ് എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി, പമ്പ വരെ വാഹനങ്ങള്‍ അനുവദിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ആരാഞ്ഞിരുന്നു. പമ്പവരെ വാഹനങ്ങള്‍ അനുവദിച്ചാല്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും സാധ്യതയുന്നൊയിരുന്നു പൊലീസിന്റെ വിശദീകരണം.
Read More: അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പമ്പ വരെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ്
പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ പൊലീസല്ല സര്‍ക്കാരാണു തീരുമാനം എടുക്കേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അനുമതി നല്കി സര്‍ക്കാര്‍ തീരുമാനമെടുത്തത്.
മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്കു പമ്പ വരെ പ്രവേശനം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങളാലും പ്രളയത്തെത്തുടര്‍ന്ന് സ്ഥലപരിമിതി പ്രശ്നം കൊണ്ടും
നിലയ്ക്കല്‍ വരെയാണു സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്. മാസപൂജയ്ക്കും വിശേഷാല്‍ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്കു പമ്പ വരെ പോകാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു.