പമ്പ: ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾക്ക് നേരെ പ്രതിഷേധം. 50 വയസ്സിന് താഴെ പ്രായമുളളവരാണെന്ന് ആരോപിച്ചായിരുന്നു നാമജപ പ്രതിഷേധം. ഉച്ചയ്ക്ക് 12 മണിയോടെയാണ് മരക്കൂട്ടം വരെയെത്തിയ രണ്ടു യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് യുവതികളെ തിരിച്ചിറക്കി. ഇവരെ പിന്നീട് പമ്പയിൽ എത്തിച്ചു.

ആന്ധ്ര സ്വദേശിനികളാണ് ഇവരെന്നാണ് റിപ്പോർട്ട്. നവോദയ എന്നാണ് ഒരാളുടെ പേര്. ഇവർക്ക് 38 വയസ്സുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരാൾക്ക് 42 വയസ്സുണ്ടെന്നാണ് കരുതുന്നത്. പൊലീസിനെ വെട്ടിച്ച് യുവതികൾ എങ്ങനെയാണ് മരക്കൂട്ടം വരെ എത്തിയതെന്ന് വ്യക്തമല്ല. അതേസമയം, യുവതികളെ തടയാൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ശബരിമല സ്ത്രീ പ്രവേശത്തിൽ മുഖ്യമന്ത്രി വിളിച്ച സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണ ഉറപ്പാക്കാനായി മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ടായിരുന്നു. ഇന്ന് വൈകിട്ടാണ് യോഗം നടക്കുക.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്ന സംഘടനയായിരുന്നു എന്‍എസ്എസ്. അതേസമയം, എസ്എന്‍ഡിപി സര്‍ക്കാരിന് അനുകൂലമായാണ് നിലകൊണ്ടത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നത് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് വെളളാപ്പളളി നടേശന്‍ വ്യക്തമാക്കി. യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.