പമ്പ: ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. യുവതികളെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് മല കയറാനെത്തിയത്.

അതേസമയം, ശബരിമല ദർശനം നടത്തണമെന്നാവശ്യപ്പെട്ട് യുവതികൾ നിരാഹാര സമരം തുടങ്ങി. ബലം പ്രയോഗിച്ചാണ് പൊലീസ് തിരിച്ചിറക്കിയതെന്ന് യുവതികൾ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നു എന്നു പറഞ്ഞാണ് കൊണ്ടുപോയത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും യുവതികൾ പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ശബരിമല ദർശനത്തിനായി ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മയുടെ ഒമ്പത് അംഗ സംഘം പമ്പയിൽ എത്തിയത്. എന്നാൽ ഇവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു. പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: ജീവന് ഭീഷണി: ശബരിമല കയറാൻ മാലയിട്ട രേഷ്മ നിശാന്ത് ജോലി രാജിവെച്ചു

പുലർച്ചെ നാലരയോടെയാണ് യുവതികളടങ്ങുന്ന സംഘം പമ്പയിലെത്തി മലകയറ്റം ആരംഭിച്ചത്.  നീലിമലയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ ഇവ​രെ തിരിച്ചറിഞ്ഞ ചിലർ ശരണം വിളിച്ച്​​ പ്രതിഷേധം തുടങ്ങി. പ്രതിഷേധിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ കൂടുതല്‍ പേരെത്തി പ്രതിഷേധം ശക്​തമാക്കിയതോടെ പൊലീസ് ഇവർക്ക്​ ചുറ്റും വലയം തീര്‍ത്തു. തുടർന്ന്​ മലയിറങ്ങുന്ന തീർഥാടകർ പ്രതിഷേധവുമായി തടിച്ചുകൂടി.

പൊലീസ് ഇവരെ പിന്തിരിപ്പിക്കൻ ശ്രമിച്ചിരുന്നെങ്കിലും തങ്ങൾ മാലയിട്ട് വ്രതംനോറ്റ് എത്തിയവരാണെന്നും ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. 103 ദിവസത്തെ വ്രതമെടുത്താണ് തങ്ങൾ എത്തിയതെന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നെന്നും യുവതികൾ പറഞ്ഞു. കൂടുതൽ പ്രതിഷേധക്കാർ നീലിമലയിലേക്ക് എത്തിയോടെ പൊലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ