തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ പ്ര​വേ​ശ​ന വിധി പുന:പരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ വാ​സു. ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മറിച്ചുളള ആരോപണങ്ങൾ തെറ്റാണെന്നും പറഞ്ഞു.

യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചോ വി​യോ​ജി​ച്ചോ സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വാസു പറഞ്ഞു. പുന:പരിശോധനാ ഹർജികൾ മാത്രമാണ് കോടതിയുടെ പരിഗണനയിലേക്ക് വന്നത്. സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ടാ​ണ് ബോ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പാ​ണ് ബോ​ർ​ഡ്, സുപ്രീം കോടതിയിൽ സാ​വ​കാ​ശം തേ​ടി​യ​ത്. സാ​വ​കാ​ശ ഹ​ർ​ജി​യി​ൽ കോടതിയിൽ വാ​ദം ന​ട​ന്നി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ദം ന​ട​ന്ന​ത്. ഇ​നി വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണോയെന്നത് ദേവസ്വം ബോർഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും വാസു പറഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ പറയാത്ത ഒരു കാര്യവും കോടതിയിൽ പറഞ്ഞിട്ടില്ല. ത​ന്നോ​ട് പ്രസിഡന്റ് പത്മകുമാർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ല. കോ​ട​തി​ലെ വാ​ദ​ങ്ങ​ളെന്തായിരുന്നുവെന്ന് താ​ൻ പ​ത്മ​കു​മാ​റി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും വാ​സു വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.