പന്തളം: മകര സംക്രമനാളിൽ ശബരിമലയിലെ അയപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

കോവിഡ് പശ്ചാത്തലത്തിൽ 120 പേർക്ക് മാത്രമാണു ഘോഷയാത്രയ്ക്ക് ഒപ്പം പോകാൻ അനുമതി ഉള്ളത്. കൊട്ടാരത്തിലുണ്ടായ ആശൂലം കാരണം രാജപ്രതിനിധി ഘോഷയാത്രയ്ക്കൊപ്പമുണ്ടായില്ല.

തിരുവാഭരണ ഘോഷയാത്ര – ഫൊട്ടോ: പിആർഡി

രാവിലെ 11 വരെയാണ് ക്ഷേത്ര ദർശനം. തുടർന്നു തിരുവാഭരണങ്ങൾ സുരക്ഷിത മുറിയിൽനിന്നു പുറത്തെടുത്തു പ്രധാന പേടകം ശ്രീ കോവിലിലെത്തിക്കും. പിന്നീട് ആചാരപരമായ ചടങ്ങുകൾ നടക്കും. 14 നു വൈകീട്ട് ഘോഷയാത്ര സന്നിധാനത്തെത്തും.

തിരുവാഭരണ ഘോഷയാത്ര – ഫൊട്ടോ: പിആർഡി

അതേസമയം, ശബരിമലയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തീർത്ഥാടനം തുടരുകയാണ്. 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ദര്‍ശനം. ജനുവരി 14നാണ്‌ മകരവിളക്ക്‌.

ഘോഷയാത്രയുടെ ആദ്യ ദിവസമായി ഇന്ന് അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ് സംഘം വിശ്രമിക്കുന്നത്. രണ്ടാം ദിനം വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റവാങ്ങി മൂന്നാം ദിനം ഘോഷയാത്ര കാനന പാതയിലേക്ക് പ്രവേശിക്കും. 5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചേര്‍ന്ന് ആചാരപ്രകാരം വണങ്ങിയുള്ള സ്വീകരണം നല്‍കും.

തിരുവാഭരണ ഘോഷയാത്ര – ഫൊട്ടോ: പിആർഡി

മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ തിങ്കളാഴ്‌ച നടന്നു. അമ്പലപ്പുഴ സംഘവും ആലങ്ങാട് സംഘവും ആചാരപൂർവ്വം പേട്ടതുള്ളൽ ചടങ്ങുകൾ പൂർത്തിയാക്കി. കോവിഡ് സാഹചര്യത്തിൽ അതീവ നിയന്ത്രണങ്ങളോടെയായിരുന്നു എരുമേലി പേട്ടതുള്ളൽ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.