പമ്പ: പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സന്നിധാനത്ത് പ്രവേശിച്ച യുവതികള്‍ക്ക് പൊലീസിന്റെ വേഷം നല്‍കിയതിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് ഏതുവിധേനയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More: ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുളള ഇടമല്ല ശബരിമല: ദേവസ്വം മന്ത്രി

സര്‍ക്കാര്‍ ചമച്ചുണ്ടാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള നാടകങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്നും മനഃപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അയ്യപ്പ ഭക്തന്മാരെയും ഹിന്ദുമതവിശ്വാസികളേയും വെല്ലുവിളിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More: യുവതികൾ പതിനെട്ടാം പടി കയറിയാൽ നട അടച്ച് താക്കോൽ ഏൽപ്പിക്കുമെന്ന് തന്ത്രി

ശബരിമല അവിശ്വാസികള്‍ക്കും അന്യമതര്‍ക്കും കയറിയിറങ്ങാനുള്ള സ്ഥലമല്ല, അക്കാര്യം അതാത് മതത്തിലുള്ളവരോട് പറഞ്ഞ് മനസ്സിലാക്കണം. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആരെയും നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുപോകില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്, എന്നാല്‍ പൊലീസിന്റെ വേഷം നല്‍കിക്കൊണ്ട് യുവതികളെ കൊണ്ടു പോകുമ്പോള്‍ സര്‍ക്കാരിന് പ്രത്യേക അജണ്ട ഉണ്ടെന്ന് മനസിലാക്കേണ്ടിരിക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ശക്തമായി പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അറിയാത്തതുകൊണ്ടല്ല, നിയമം കൈയ്യിലെടുക്കേണ്ട അവസ്ഥ വന്നാല്‍ അതു ചെയ്യേണ്ടി വരും. മനഃപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook