പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട നാളെ വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം, നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ രാപ്പകൽ പ്രതിഷേധം തുടരുകയാണ്. വാഹനങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ യാത്രക്കാരെ കടത്തി വിടുന്നത്. യാതൊരു കാരണവശാലും 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്ത് സന്ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിനിടെ പമ്പയില്‍ ഉണ്ടായിരുന്ന യുവതികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മറച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ തുടങ്ങിയ ഭാഷയിലും യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെച്ചിരുന്ന ബോര്‍ഡാണ് മറച്ചിരിക്കുന്നത്. പകരം പ്ലാസ്റ്റിക് നിരോധിത മേഖല എന്ന സന്ദേശമാണ് ഇപ്പോള്‍ ഈ സ്ഥാനത്തുള്ളത്.

തുലാമാസം ഒന്നായ 18 ന് രാവിലെ നടതുറന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് (നവംബര്‍16) ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. വൃശ്ചികം ഒന്നിന് (നവംബര്‍ 17 ന്)ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും. 5 ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ