പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പൊലീസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി. പമ്പയിലേക്ക് സ്വകാര്യ വാഹനം കടത്തിവിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്തം ഏൽക്കുമോയെന്ന് ചോദിച്ച എസ്‌പി ഇതേ ചോദ്യം കേരളത്തിലെ മന്ത്രിമാരോട് ചോദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

“പമ്പയിലേക്ക് സ്വകാര്യ വാഹനം കടത്തിവിടണം എന്ന് ആവശ്യപ്പെട്ട എന്നോട് ഉത്തരവാദിത്വം ഏൽക്കാമോയെന്ന എസ്‌പിയുടെ ചോദ്യം ശരിയായില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയായിരുന്നെങ്കിൽ എസ്‌പി ഈ ചോദ്യം ചോദിക്കുമോ? സർക്കാർ സ്വയം തിരുത്താൻ തയ്യാറാകണം,” കേന്ദ്രമന്ത്രി പറഞ്ഞു.

“ശബരില കേരളത്തിന്റെ മാത്രം ക്ഷേത്രമല്ല. സന്നിധാനത്ത് ശരണം വിളിക്കാൻ സാധിക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീർത്ഥാടകർക്ക് തടസമില്ലാതെ വരാൻ സാധിക്കണം. ഭക്തരെ തടയാൻ മാത്രമേ നിരോധനാജ്ഞ ഉപകരിക്കൂ,” അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രതികരിച്ചില്ല. ഇതിനോട് പ്രതികരിക്കാനില്ലെന്നും രാഷ്ട്രീയ തീരുമാനങ്ങൾ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.