പമ്പ: ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനു 16 നു തുടക്കം. 15 നു വൈകിട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും.
ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് 15നു വൈകിട്ട് ആറിന് ആരംഭിക്കും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍. പരമേശ്വരന് നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്കു മുന്നിലായി സ്വീകരിച്ച് ശബരീശ സന്നിധിയിലേക്ക് ആനയിക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണു മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ്. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ തന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്കു കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതിക്കൊടുക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും.
ഒരു വര്‍ഷത്തെ ശാന്തിവൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും 15 നു രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നല്കി വീടുകളിലേക്കു മടങ്ങും. വൃശ്ചികം ഒന്നായ 16നു പുലര്‍ച്ചെ ഇരു ക്ഷേത്രനടകളും തുറക്കുന്നതു പുറപ്പെടാ ശാന്തിമാരായ എന്‍. പരമേശ്വരന് നമ്പൂതിരിയും ശംഭു നമ്പൂതിരിയുമായിരിക്കും.
പ്രതിദിനം 30,000 ഭക്തര്‍ക്കു ദര്‍ശനം
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30നു ശബരിമല നട തുറക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണു മകരവിളക്ക് ഉത്സവം. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26നും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന മകരവിളക്ക് ദിനമായ ജനുവരി 14നു വൈകിട്ട്് 6.30നും നടക്കും.
നവംബര്‍ 16 മുതല്‍ ഭക്തരെ ശബരിമലയിലേക്കു പ്രവേശിപ്പിക്കും. ജനുവരി 19 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണു പ്രവേശനം. പ്രതിദിനം 30,000 ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.
കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ദര്‍ശനത്തിനു സൗകര്യമൊരുക്കുക. വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനുളള പാസ് ലഭിച്ചവര്‍ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള കാവിഡ്-19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജയരാക്കണം. ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനമുണ്ടാകും. ഇവിടെ കോവിഡ്-19 പരിശോധനയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്നാനം അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് അന്നദാനം നല്‍കും.
ഭക്തര്‍ക്കു പമ്പയിലും സന്നിധാനത്തും താമസ സൗകര്യം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ പമ്പയിലേക്കു മടങ്ങണം. പമ്പയില്‍നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വാമി അയ്യപ്പന് റോഡ് വഴിയാണ്. സ്വാമി അയ്യപ്പന് റോഡിന്റെ വിവിധ പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.
ഭക്തര്‍ക്കു നെയ്യഭിഷേകം നടത്താനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും. അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ദേവസ്വത്തിന്റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. അപ്പം, അരവണ പ്രസാദം എന്നിവ സന്നിധാനത്തുനിന്ന് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ആവശ്യമായ സര്‍വീസുകള്‍ ഉറപ്പാക്കും
തീര്‍ത്ഥാടകര്‍ക്കാവശ്യമായ ബസ് സര്‍വീസുകള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി താഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പമ്പയിലേക്ക് 231 ബസുകളാണ് പൂള് ചെയ്തിരിക്കുന്നത്. ഇതില്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് മാത്രം 120 ബസുകള്‍ ഉണ്ടാകും. 80 നോണ്‍ എ.സി ബസുകളും 40 എ.സി വോള്‍വോ ബസുകളും ഉള്‍പ്പെടുന്നതാണ് ചെയിന്‍ സര്‍വീസ്. ഓരോ പത്ത് മിനിട്ടിലും ചെയിന്‍ സര്‍വീസ് ഉണ്ടാകും.

പഴയ നിരക്ക് തന്നെയാകും ഇത്തവണയും ഈടാക്കുന്നത്. എ.സിക്ക് 80 രൂപയും നോണ്‍ എ.സി ബസിന് 50 രൂപയുമായിരിക്കും നിരക്ക്. 15 മുതല്‍ ബസുകള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തും. എത്ര ബസ് ആവശ്യമായി വന്നാലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, കുമളി, എരുമേലി എന്നീ സ്പെഷല്‍ സെന്ററുകളില്‍ കൂടുതല്‍ ബസുകള്‍ പൂള് ചെയ്തിട്ടുണ്ട്. ശബരിമലയിലേക്കു മറ്റ് ഡിപ്പോകളില്‍നിന്ന് കൂടുതല്‍ ബസുകള്‍ ആവശ്യപ്പെട്ടാല്‍ സ്പെഷല്‍ സെന്ററുകളില്‍നിന്ന് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സെയിഫ് സോണ്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി സര്‍വീസുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ടു വിലയിരുത്തി. പമ്പ, നിലക്കല്‍ എന്നിവിടങ്ങള്‍ ഡിജിപി സന്ദര്‍ശിച്ചു. നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി അദ്ദേഹം അറിയിച്ചു.
ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ആയിരിക്കും. ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിരാണു ജോയിന്റ് കോര്‍ഡിനേറ്ററും സായുധ പൊലീസ് ബറ്റാലിയന് ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന് എന്നിവര്‍ അഡീഷണല്‍ കോര്‍ഡിനേറ്റര്‍മാരുമാണ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ച് ഘട്ടമായി തിരിച്ചാണു സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാറാണ് സന്നിധാനത്തെ പൊലീസ് കണ്ട്രോളര്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും കണ്‍ട്രോളര്‍മാരാകും.

30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍ സന്നിധാനത്തും പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി ആനന്ദ് ആര് പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടര്‍ എസ്.പി കെ.വി മഹേഷ്ദാസ് നിലയ്ക്കലും കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കും.
മൂന്നാം ഘട്ടമായ ഡിസംബര്‍ 14 മുതല്‍ 26 വരെ ആലപ്പുഴ ക്രൈംബാഞ്ച് എസ്.പി പ്രശാന്തന് കാണി കെ.ബി സന്നിധാനത്തും നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ് പമ്പയിലും നിലയ്ക്കലില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജനും കണ്ട്രോളര്മാരാവും.
ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതുവരെയുള്ള നാലാം ഘട്ടത്തില്‍ സ്പെഷല്‍ സെല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സന്നിധാനത്തും തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ബിജുമോന് ഇ.എസ് പമ്പയിലും ടെലികമ്യൂണിക്കേഷന്‍ എസ്.പി ആമോസ് മാമ്മന്‍ നിലയ്ക്കലും കണ്‍ട്രോളര്‍മാരാകും.
ജനുവരി ഒമ്പത് മുതല്‍ 20 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ എസ്.എ.പി കമാണ്ടന്റ് അജിത് കുമാര്‍.ബി സന്നിധാനത്തും ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കുര്യാക്കോസ്.വി.യു പമ്പയിലും പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി കെ.എല്‍ നിലയ്ക്കലിലും് കണ്‍ട്രോളര്‍മാരായിരിക്കും.
പത്തനംതിട്ട എസ്.പി ആര്.നിശാന്തിനിയെ ശബരിമല സ്പെഷല്‍ ലെയ്സണ്‍ ഓഫീസറായി നിയോഗിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എസ്.പി ഡോ.ദിവ്യ.വി. ഗോപിനാഥിനാണു വിര്ച്യുല് ക്യു ചുമതല.
പൂങ്കാവന പ്രദേശം മദ്യ, മയക്കുമരുന്ന് വിമുക്ത മേഖല
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ജനുവരി 20 വരെ റാന്നി താലൂക്കിലെ പെരുനാട് വില്ലേജിലുള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പളളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ ഭാഗങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലി (അരയാഞ്ഞിലിമൂട് ഒഴികെ)യിലം മദ്യ, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ളുടെ വില്‍പ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചു.
മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും വാഹനപരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ട്രൈക്കിങ് യൂണിറ്റുകളെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായും നിയോഗിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകളോടൊപ്പം പമ്പ കേന്ദ്രീകരിച്ച് അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ എക്സൈസ് കണ്ട്രോള് റൂമും ആരംഭിച്ചു. മദ്യമയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കണ്ട്രോള് റൂം നമ്പരായ 0468-2222873 ൽ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അഭ്യര്‍ഥിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു 10 കോടി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്ഡായി പത്തു കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ഥാടകര്‍ക്കു സൗകര്യപ്രദമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 150 കോടി രൂപ ചെലവില്‍ സംസ്ഥാനത്തുടനീളം ഏഴ് ഇടത്താവളങ്ങള്‍ നിര്‍മിക്കും. ശബരിമലയിലേക്കുള്ള 120 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടുത്ത മണ്ഡലകാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കും.