scorecardresearch

ശബരിമല; ഇതര സംസ്ഥാന പ്രതിനിധികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി

കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കരുതെന്ന് ആവശ്യമുയർന്നു. മറുപടി നൽകാൻ കെഎസ്ആർടിസി എംഡി ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അഞ്ച് ഇതര സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ യോഗത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്.

ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സന്നിധാനത്തോ പമ്പയിലോ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. തമി‍ഴ്നാട് ,കര്‍ണ്ണാടക പ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ കൺട്രോൾ റൂമിൽ ദേവസ്വം,ആരോഗ്യം,പോലീസ്,ഗതാഗതം തുടങ്ങി എല്ലാവിഭാഗങ്ങളിലെയും ഒരോ ഉദ്യോഗസ്ഥന്റെ വീതം സാന്നിധ്യം വേണമെന്നും ഒരു ഉന്നത ഉദ്ദ്യോഗസ്ഥന്‍ ഏകീകൃത കണ്‍ട്രോള്‍ റൂമിന്‍റെ മേൽനോട്ട ചുമതല വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഭക്തര്‍ക്ക് അറിയാനായി ഒരു ടോള്‍ഫ്രീ നമ്പര്‍ നടപ്പിലാക്കണം. ശബരിമലയിലേക്കുള്ള പാതകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളില്‍ വിലവിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. ശബരിമലയിൽ കെഎസ്ആര്‍ടിസി ഉയർന്ന ബസ് ചാർജ് ഈടാക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.

നിലയ്ക്കല്‍-പമ്പ ബസ്സ് സര്‍വ്വീസ് 20 മിനിട്ട് ദൈര്‍ഘ്യമുള്ളതിനാല്‍ ബസ്സിനുള്ളില്‍ കുടിവെള്ളം
ലഭ്യമാക്കും. സെക്യൂരിറ്റി സംവിധാനം, പ്ലാസ്റ്റിക് നിരോധനം, ആചാരനുഷ്ടാനങ്ങള്‍ എന്നിവ സംബന്ധിച്ച് എല്ലായിടങ്ങളിലും വിവിധ ഭാഷകളിൽ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ ഗുണമേന്മ, ദിവസം തോറുമുള്ള പരിശോധനയിലൂടെ ഉറപ്പാക്കും. ശബരിമല സീസണില്‍ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.

കാനന പാതയിലൂടെയുള്ള മലകയറ്റം സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആന്ധ്ര, കര്‍ണ്ണാടക, തമി‍ഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നുളള ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നത് പ്രതിനിധികൾ സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ശബരിമലയില്‍ ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമാക്കും. കൂടുതല്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.ഇരുമുടി കെട്ടിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഒ‍ഴിവാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് രഹിത ശബരിമല എന്ന സന്ദേശം എല്ലാ ഭക്തരിലും എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ സീസണില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാസൗകര്യങ്ങളും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സുരക്ഷിതമായി തന്നെ ഭക്തര്‍ക്ക് തീര്‍ത്ഥാടനം നടത്തി മടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡ്
അംഗം കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ വിശ്വാസ് , സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റ, ശബരിമല ഉപദേശക സമിതി ചെയര്‍മാന്‍ റ്റി.കെ.എ നായര്‍, എഡിജിപി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് തലവന്‍മാര്‍, ഫയര്‍ഫോ‍ഴ്സ് മേധാവി, ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

തമി‍ഴ്നാട് ടൂറിസം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അപൂർവ വർമ്മ, കർണ്ണാടക പ്രിൻസിപ്പൽ സെക്രട്ടറി ഗംഗാറാം ബദറയ്യ, തെലങ്കാന ജോയിന്റ് കമ്മീഷണർ എം.എം.ഡി കൃഷ്ണവേണി, ആന്ധ്ര എന്‍ഡോവ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് സൂപ്രണ്ടിംഗ് എഞ്ചീനിയര്‍ സുബറാവു, പുതുച്ചേരി കമ്മിഷണർ തിലൈവേല്‍, കര്‍ണ്ണാടക സ്റ്റേറ്റ് എമർജൻസി കോർഡിനേറ്റർ കെകെ പ്രദീപ്, എന്നിവരാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala temple south indian state delegates meeting decisions

Best of Express