പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പൊലീസെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

രാവിലെ 9.45ഓടെയാണ് സംഭവങ്ങള്‍ നടന്നത്. എന്നാല്‍ എന്തുവന്നാലും താന്‍ സന്നിധാനത്തേക്ക് പോകും എന്നുതന്നെയാണ് ലിബി പറയുന്നത്. താനും മൂന്നു സുഹൃത്തുക്കളും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ലിബി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഇതിനു താഴെയായി ലിബിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും വന്നിരുന്നു.

അതേസമയം, സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിത ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ഗാര്‍ഡ് പരിശോധിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ.റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.മീനാക്ഷി എന്നിവരെയാണ് ദേവസ്വം ഗാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രായം 50 വയസിനു മുകളിലാണ് എന്ന് വ്യക്തമായതിനു ശേഷമാണ് ഇവരെ പ്രവേശിപ്പിച്ചത്.

സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലിൽ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എഡിജിപി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കിയത്. പന്തൽ പൊളിക്കുന്നത് തടയാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തുടർന്ന് സമരക്കാർ ചിതറിയോടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.